മൂന്നാർ: കേരള സർക്കാർ സംസ്ഥാന തലത്തിൽ പ്രഖ്യാപിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിൻ്റെ വിവിധ അവാർഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസ മന്ത്രി ശ്രീ. വി.ശിവൻകുട്ടി , ഉന്നതവിദ്യാഭ്യാസമന്ത്രി ശ്രീ.ആർ. ബിന്ദു, ശ്രീ.എ.എ റഹിം എം.പി, തിരുവനന്തപുരം മേയർ ശ്രീമതി. ആര്യാ രാജേന്ദ്രൻ എന്നീവർ വിവിധ അവാർഡുകൾ വിതരണം ചെയ്തു. കോവിഡു മൂലം മൂന്നുവർഷത്തിന് ശേഷമാണ് NSS – ൻ്റെ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിക്കുന്നത്. 2018-19 കാലഘട്ടത്തിലെ പ്രവർത്തന മികവിന് ബെസ്റ്റ് യൂണിറ്റ്, ബെസ്റ്റ് പ്രോഗ്രാം ഓഫീസർ എന്നീ അവാർഡുകളാണ് മൂന്നാർ എൻജിനീയറിംഗ് കോളേജ് കരസ്ഥമാക്കിയത്. ബെസ്റ്റ് യൂണിറ്റിനുള്ള പുരസ്കാരം മൂന്നാർ എൻജിനീയറിംഗ് കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ.വിനോദ്കുമാറും, ബെസ്റ്റ് പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരം ശ്രീ.ആർ. അനീഷും ബഹുമാനപ്പെട്ട ഉന്നതവിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.
കോളേജിൻ്റെ നേതൃത്വത്തിൽ നടപ്പിൽ വരുത്തിയ ലൈഫ്മിഷൻ ഭവന നിർമ്മാണ പദ്ധതിയിലെ ഡാറ്റാ എൻട്രി പദ്ധതി, സ്വച്ഛ് ഭാരത് ക്ലീനിംഗ്, 2018-ലെ പ്രളയ ശേഷം നടത്തിയ ക്ലീനിംഗ് പദ്ധതി, നിർദ്ധന കുടുംബത്തിനു വേണ്ടിയുള്ള ഭവന നിർമ്മാണം, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയ പദ്ധതികൾക്കും, ദേശീയ പരിപാടികളിലെ കാര്യമായ പങ്കാളിത്വവും കൂടി പരിഗണിച്ചാണ് പ്രസ്തുത അവാർഡ് ലഭിച്ചത്.